വിഴിഞ്ഞം: പ്രദേശവാസികളായ കുട്ടികളുടെ സ്വർണാഭരണങ്ങൾ മോഷ്ടിച്ച് പണയംവച്ച് ആഡംബര ജീവിതം നയിച്ച രണ്ടുയുവാക്കൾ പിടിയിൽ. പുല്ലുവിള ഇരമ്മിയൻ തുറ സ്വദേശി ജിബിൻരാജ് (19), ഇയാളുടെ സുഹൃത്തായ പതിനേഴുകാരൻ എന്നിവരെയാണ് വിഴിഞ്ഞം പോലീസ് അറസ്റ്റ് ചെയ്തത്.
പതിനേഴുകാരന്‍റെ പിതാവിന്‍റെ സഹോദരപുത്രിയുടെ ഒന്നരവയസുള്ള കുഞ്ഞിന്‍റെ നാല് ഗ്രാം തൂക്കം വരുന്ന മാല കവർന്ന കേസിലാണ് ഇരുവരും കുടുങ്ങിയത്. കഴിഞ്ഞ ഒൻപതാം തീയതി ഉച്ചയോടെയാണ് മോഷണം നടന്നത്. കുഞ്ഞിന്‍റെ അമ്മ പള്ളിയിൽപോയ സമയംനോക്കി വീട്ടിലെത്തിയ പതിനേഴുകാരൻ മാല കൈക്കലാക്കുകയായിരുന്നു.
തുടർന്ന് സുഹൃത്തായ ജിബിൻരാജിനെ വിളിച്ച് പത്താം തീയതി മുക്കോലയിലുള്ള ഒരു സ്വർണപണയ സ്ഥാപനത്തിൽ 35,000 രൂപയ്ക്ക് മാല പണയം വച്ചു. ഇതിൽ ജിബിൻരാജ് 25,000 രൂപയും പതിനേഴുകാരൻ 10,000 രൂപയും വീതിച്ചെടുത്തു. ഈ പണം ഉപയോഗിച്ച് ഇവർ ആഡംബര ജീവിതം നയിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ജിബിൻരാജിന്‍റെ മൊബൈൽ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പോലീസ് പിടിയിലായത്. അറസ്റ്റിലായ ജിബിൻരാജ് ഇതേ സ്ഥാപനത്തിൽ ഏഴിലധികം സ്വർണാഭരണങ്ങൾ പണയം വച്ചിട്ടുണ്ടെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഇതിന്‍റെ പശ്ചാത്തലത്തിൽ പ്രതിയെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യംചെയ്യും.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പതിനേഴുകാരനെ വിട്ടയച്ചെങ്കിലും നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം കേസ് ജുവനൈൽ കോടതിയിലേക്ക് കൈമാറുമെന്ന് പോലീസ് അറിയിച്ചു.